ഇടവേളയ്ക്ക് ശേഷം സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തി. വര്‍ഷങ്ങള്‍ക്കുശേഷം പ്രിയദര്‍ശന്‍, മോഹന്‍ലാല്‍ ടീം ഒന്നിക്കുന്ന 'അറബിയും ഒട്ടകവും പി.മാധവന്‍ നായരും' എന്ന ചിത്രവും ഷാഫി-മമ്മൂട്ടി ടീമിന്റെ 'വെനീസിലെ വ്യാപാരി'യുമാണ് പ്രേക്ഷകര്‍ക്ക് ആവേശമായി പ്രദര്‍ശനത്തിനെത്തിയത്. മീരാജാസ്മിന്‍, പ്രശാന്ത് എന്നിവര്‍ അഭിനയിക്കുന്ന, മുന്‍കാല ഹിറ്റ് ചിത്രമായ 'മലയൂര്‍ മമ്മട്ടിയാനിന്റെ പുതുപതിപ്പ് 'മമ്പട്ടിയാനും' റിലീസിനെത്തി.
മമ്മൂട്ടി, ലാല്‍ പടങ്ങള്‍ നഗരത്തില്‍ രണ്ടു തിയേറ്ററുകളിലായി പ്രദര്‍ശിപ്പിക്കുന്നു.'അറബിയും ഒട്ടകവും പി.മാധവന്‍ നായരും' എന്ന ചിത്രം രാധ, കോര്‍ണേഷന്‍ എന്നീ തിയേറ്ററുകളിലും 'വെനീസിലെ വ്യാപാരി' അപ്‌സര,കൈരളി എന്നീ തിയേറ്ററുകളിലുമാണ് പ്രദര്‍ശനത്തിനെത്തിയത്.
മലയാളിക്ക് ഒരുപാട് ഹിറ്റ് സിനിമകള്‍ സമ്മാനിച്ച പ്രിയദര്‍ശന്‍ -മോഹന്‍ ലാല്‍ ടീം ഏഴുവര്‍ഷത്തിനുശേഷമാണ് ഒന്നിക്കുന്നത്. മോഹന്‍ ലാലിനു പുറമെ മുകേഷ്, വിദ്യാബാലന്‍, ലക്ഷ്മിറായ്, ഭാവന എന്നിവര്‍ അഭിനയിക്കുന്ന ചിത്രം കോമഡി ത്രില്ലര്‍ ആണ്. അബുദാബിയിലായിരുന്നു ചിത്രീകരണം. കാക്കക്കുയിലാണ് പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ ടീം ഒരുമിച്ച അവസാന ചിത്രം. 'അറബിയും ഒട്ടകവും മാധവന്‍നായരും' എന്ന ചിത്രത്തിന്റെ കഥയും പ്രിയദര്‍ശന്റേതാണ്. അശോക് കുമാര്‍, നവീന്‍, ശശിധരന്‍, ജമാല്‍ ആല്‍ നുയാമി എന്നിവരാണ് ചിത്രം നിര്‍മിച്ചിട്ടുള്ളത്. ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനകം ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
മമ്മൂട്ടിയുടെ വ്യത്യസ്തഭാവമാണ് ഷാഫി സംവിധാനം ചെയ്യുന്ന 'വെനീസിലെ വ്യാപാരി' എന്ന ചിത്രത്തിന്റെ ഹൈലൈറ്റ്. മുരളി മാധവന്‍നായരാണ് ചിത്രം നിര്‍മിച്ചിട്ടുള്ളത്. 'ചട്ടമ്പിനാട്' എന്ന ചിത്രത്തിനുശേഷം ഷാഫി, മമ്മൂട്ടി ടീം ഒന്നിക്കുന്ന ചിത്രമാണിത്. കാവ്യാമാധവന്‍, സുരാജ് വെഞ്ഞാറമ്മൂട്, ജഗതിശ്രീകുമാര്‍, സലിംകുമാര്‍, പൂനംബജ്‌വ എന്നിവരാണ് മറ്റ് താരങ്ങള്‍. ക്ലാസ്‌മേറ്റ്, സൈക്കിള്‍, ഇവിടം സ്വര്‍ഗമാണ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയ ജെയിംസ് ആല്‍ബര്‍ട്ടാണ് വെനീസിലെ വ്യാപാരിയുടെ തിരക്കഥ തയ്യാറാക്കിയത്.
കുട്ടിക്കാലത്ത് രക്ഷിതാക്കളെ നഷ്ടപ്പെട്ട പവിത്രന്‍ (മമ്മൂട്ടി) പ്രത്യേക സാഹചര്യത്തില്‍ പോലീസുകാരനാകുന്നു. എന്നാല്‍, അദ്ദേഹം ആ ജോലി രാജിവെച്ച് ആലപ്പുഴയില്‍ കയര്‍ ഉത്പന്നങ്ങള്‍ കയറ്റുമതി തുടങ്ങുന്നു. ആ കാലഘട്ടത്തില്‍ അദ്ദേഹം മുന്‍കാല സുഹൃത്ത് ബാങ്ക്മാനേജറായ ലക്ഷ്മിയെ(പുനംബജ്‌വ)യെ കണ്ടുമുട്ടുന്നു. മറ്റൊരു കഥാപാത്രമായ അമ്മു(കാവ്യാമാധവന്‍) കയര്‍ തൊഴിലാളി നേതാവാണ്. ഇവരുടെ ജീവിത സങ്കീര്‍ണതകളാണ് വെനീസിലെ വ്യാപാരിയുടെ കഥാതന്തു. 'അങ്ങാടി' എന്ന ചിത്രത്തിലെ പ്രസിദ്ധ ഗാനമായ 'കണ്ണുംകണ്ണും' എന്ന പാട്ട് വെനീസിലെ വ്യാപാരിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രശാന്ത്, മീരാജാസ്മിന്‍ എന്നിവര്‍ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്ന 'മമ്പട്ടിയാന്‍' പ്രശാന്തിന്റെ പിതാവും നടനുമായ ത്യാഗരാജനാണ് സംവിധാനം ചെയ്തിരിക്കുന്നത്. 1983-ല്‍ പുറത്തിറങ്ങിയ സിനിമയിലെ നായകന്‍ ത്യാഗരാജന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മകനെ നായകനാക്കി അതേ സിനിമ ചെയ്യുന്നു എന്നതാണ് പ്രത്യേകത. മീരാജാസ്മിന്‍ നീണ്ട ഇടവേളയ്ക്കുശേഷമാണ് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്.








No comments:
Post a Comment