കാലം പിന്തുടര്‍ന്ന കാല്‍പ്പാടുകളായിരുന്നു അന്ന് സൃഷ്ടിക്കപ്പെട്ടത്. മലയാളിയെ എല്ലാക്കാലവും പാട്ടിലാക്കാന്‍വേണ്ടിയുള്ള ഒരു ശബ്ദമുണ്ടായ നാള്‍. പാടുന്നത്: യേശുദാസ് എന്ന് നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് തിങ്കളാഴ്ച അരനൂറ്റാണ്ട്.
1961നവംബര്‍ 14ന് കാട്ടാശ്ശേരി ജോസഫ് യേശുദാസിന്റെ അഭൗമനാദം ആദ്യമായി സ്റ്റുഡിയോമുറിയില്‍ മുഴങ്ങിയപ്പോള്‍ കാതുതുറന്നുനിന്നത് ഇരുപതോളംപേര്‍മാത്രം. പാട്ടെന്ന് പറയാനാകില്ല. നിച്ചൂടേറ്റിരുന്നുവെങ്കിലും തണുപ്പുതരുന്ന ശബ്ദത്തിലുള്ള നാലുവരി. കാല്‍പ്പാടുകള്‍ എന്ന സിനിമയ്ക്കായി ശ്രീനാരായണഗുരുവിന്റെ, ജാതിഭേദം മതദ്വേഷം...എന്നുതുടങ്ങുന്ന ശ്ലോകം എം.ബി.ശ്രീനിവാസന്റെ ഈണത്തില്‍ പാടിയപ്പോള്‍ യേശുദാസിനൊപ്പം ചുണ്ടുതുറന്നത് ചരിത്രം കൂടിയാണ്.
ആര്‍ക്കും തോല്‍പ്പിക്കാനാകാത്ത ആലാപനത്തിന്റെ അമ്പതാണ്ടുകള്‍ പിന്നിടുമ്പോഴും ആഘോഷങ്ങളില്‍ നിന്ന് അകലെ ചെന്നൈയിലാണ് യേശുദാസ്. 'ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ഇത്രയും കാലം മുന്നോട്ടുപോയി. എല്ലാം ആ കാരുണ്യവാന്റെ അനുഗ്രഹം. എല്ലാവരുടേയും സ്‌നേഹത്തിനും പ്രാര്‍ഥനകള്‍ക്കും നന്ദി.' അമ്പതുവര്‍ഷങ്ങള്‍ക്കരികെയിരുന്ന് യേശുദാസ് പറഞ്ഞു. 'അമ്പതുവര്‍ഷം എന്നു പറയുന്നത് ഏതുജീവിയെ സംബന്ധിച്ചും വലിയ കാലയളവാണ്. ഇത്രയും കാലത്തിനിടയ്ക്ക് ഏതൊക്കെ കാഴ്ചകള്‍ കണ്ടു, എവിടെയൊക്കെ സഞ്ചരിച്ചു, എന്തെല്ലാം ശരീരത്തില്‍ പുരണ്ടു, എത്രയോ കല്ലുകളില്‍ ചവിട്ടി...'ദാര്‍ശനികമായ വാക്കുകളില്‍ യേശുദാസ് പിന്നിട്ട കാലത്തെ വരച്ചു. ആദ്യമായി പാടിയ വരികളെ ജീവിതസന്ദേശം തന്നെയാക്കി മാറ്റിയ ഗായകന്‍ ഇങ്ങനെകൂടി പറയുന്നു: 'ഈ പ്രപഞ്ചം സൃഷ്ടിച്ചത് ഒരു ജാതിയും മതവുമല്ല. അതിനുപിന്നില്‍ ഒരു ശക്തിയുണ്ട്. അതു മനസ്സിലാക്കാത്തിടത്തോളം കാലം നമ്മള്‍ വേണ്ടാതീനങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും'അന്ന് യേശുവിനൊപ്പം പുതിയൊരു പാട്ടുവര്‍ഷം പിറന്നതിന് സാക്ഷികളായ രണ്ടുപേര്‍ മാത്രമേ ഇന്നുള്ളൂ. ചിത്രത്തിന്റെ നിര്‍മാതാവ് രാമന്‍ നമ്പിയത്തും ഗായകന്‍ കെ.പി.ഉദയഭാനുവും. 'എന്താണ് സംഭവിച്ചതെന്നുപോലുമറിയാതെ അന്തംവിട്ടുനില്‍ക്കുകയായിരുന്നു യേശുദാസ് എന്നാണ് എനിക്ക് തോന്നിയത്. അദ്ദേഹത്തിന്റെ മുഖത്ത് വല്ലാത്ത അമ്പരപ്പായിരുന്നു'. റെക്കോര്‍ഡിങ്ങിനുശേഷമുള്ള നിമിഷത്തെക്കുറിച്ച് രാമന്‍നമ്പിയത്ത് ഓര്‍ക്കുന്നു.'അന്ന് അതൊരു സാധാരണസംഭവമല്ലേ. ഒരാള്‍ക്ക് ചാന്‍സ്‌കൊടുത്തു എന്നതിനപ്പുറം വലിയ പ്രത്യേകതയൊന്നും തോന്നിയില്ല. പിന്നീടൊക്കെയും വന്നുചേരുകയായിരുന്നില്ലേ...'ഗന്ധര്‍വന് ആകാശം കൊടുത്ത നിര്‍മാതാവ് പറഞ്ഞു.
അന്നുവരെ കേള്‍ക്കാതിരുന്ന ശബ്ദമായിട്ടാണ് യേശുദാസ് രാമന്‍നമ്പിയത്തിന്റെ കാതുകളില്‍ ആദ്യമായെത്തിയത്.
കടപ്പാട് : മാതൃഭൂമി







No comments:
Post a Comment