കോഴിക്കോട്: ഒന്നരപ്പതിറ്റാണ്ടായി മലയാളിമനസ്സില്‍ മെലഡിയുടെ മധുരമാണ് വിദ്യാസാഗര്‍. ഗൃഹാതുരതയുടെ നാട്ടുവഴിയിലൂടെ നടന്ന് മലയാളിയുടെ മനസ്സില്‍ കൂടുകൂട്ടിയവയാണ് വെണ്ണിലാക്കിണ്ണം മുതല്‍ നിലാമലര് വരെയുള്ള വിദ്യയുടെ ഈണങ്ങളത്രയും. തന്നെയും തന്റെ പാട്ടുകളെയും നിറഞ്ഞമനസ്സോടെ നെഞ്ചേറ്റിയ മലയാളത്തിന് എന്നും മൂളിനടക്കാന്‍ മധുരമേറിയൊരു ഓണസമ്മാനം വെച്ചുനീട്ടുകയാണ് വിദ്യാസാഗര്‍ ഇപ്പോള്‍.
തിരതിര തിര തിരമേലൊരു കാവടിത്തോണി,
തുഴതുഴ തുഴയൂന്നി പാഞ്ഞടുക്കുമ്പോള്‍....
'ആരോ കമഴ്ത്തിവെച്ചോരോട്ടുരുളി പോലേ'യ്ക്ക് ശേഷം മലയാളിക്ക് മൂളാന്‍ മധുരമായൊരു ഓണപ്പാട്ട്. ഓര്‍ഡിനറിയുടെ നിര്‍മാതാവും ഗാനരചയിതാവുമായ രാജീവ് നായരുടേതാണ് രചന. ഓര്‍ഡിനറിയുടെ സംവിധായകന്‍ സുഗീതാണ് ഇതിന്റെ ദൃശ്യങ്ങള്‍ സാക്ഷാത്കരിക്കുന്നത്. തികച്ചും സൗജന്യമായാണ് വിദ്യാസാഗര്‍ ഈ ഗാനം സമര്‍പ്പിക്കുന്നത്. അടുത്തമാസം തുടക്കത്തില്‍ ഓഡിയോ പുറത്തിറങ്ങും. ഓണത്തോടടുപ്പിച്ച് വീഡിയോ ആല്‍ബവും. ഗിരീഷ് പുത്തഞ്ചേരിക്കൊപ്പം ചെയ്ത തിരുവോണക്കൈനീട്ടം കഴിഞ്ഞ് 14 വര്‍ഷത്തിനുശേഷമാണ് വിദ്യാസാഗര്‍ മലയാളത്തില്‍ ആല്‍ബം ചെയ്യുന്നത്.
എന്നും തന്നെ സ്‌നേഹിക്കുകയും പാട്ടുകളെ നെഞ്ചേറ്റുകയും ചെയ്ത മലയാളത്തിന് എന്നും ഓര്‍മിക്കാവുന്ന ഉപഹാരം തിരിച്ചുനല്‍കണമെന്ന ആഗ്രഹത്തിന്റെ സൃഷ്ടിയാണ് ഈ ഗാനമെന്ന് വിദ്യാസാഗര്‍ പറയുന്നു. 1998-ല്‍ തിരുവോണക്കൈനീട്ടം ഇറങ്ങിയശേഷം ആല്‍ബങ്ങള്‍ ചെയ്യാനായി നിരവധി ഓഫറുകള്‍ വന്നിരുന്നെങ്കിലും തിരക്കുകാരണം നടന്നില്ല. അപ്പോഴെല്ലാം ഉണ്ടായിരുന്ന ആഗ്രഹമായിരുന്നു ഇത്. യാതൊരു ലാഭവും പ്രതീക്ഷിക്കാതെ മലയാളത്തിനുവേണ്ടി ഒരു ആല്‍ബം തയ്യാറാക്കുക. പത്തു പാട്ടുകളുടെ ഒരു ആല്‍ബമായിരുന്നു ആദ്യം മനസ്സില്‍. ഇതിനുവേണ്ടി റഫീക്ക് അഹമ്മദ്, രാജീവ്‌നായര്‍ എന്നിവര്‍ പാട്ടുകള്‍ എഴുതിത്തന്നു. എന്നാല്‍, മുമ്പെന്നത്തേക്കാളും തിരക്കായിരുന്നു വിദ്യയ്ക്ക് ഈ വര്‍ഷവും. അങ്ങനെയാണ് ഇക്കുറി ഒരൊറ്റ പാട്ട് മാത്രം ചെയ്തിറക്കുന്നതിനെ ക്കുറിച്ച് ചിന്തിച്ചത്. മനസ്സും മുഴുവന്‍സമയവും അങ്ങനെ അതിനുവേണ്ടിമാത്രം മാറ്റിവെക്കുകയും ചെയ്തു-വിദ്യാസാഗര്‍ പറഞ്ഞു.
കമ്പോസിങ് പൂര്‍ത്തിയായിക്കഴിഞ്ഞു. വീഡിയോയുടെ ഷൂട്ടിങ് മാത്രമാണ് ശേഷിക്കുന്നത്. എല്ലാത്തരം സംഗീതപ്രേമികളെയും ആകര്‍ഷിക്കുന്ന തരത്തില്‍ ഒരു വേള്‍ഡ് ഫ്യൂഷനായാണ് പാട്ട് ഒരുക്കിയിരിക്കുന്നത്. ഒരൊറ്റ രാഗത്തിലാണ് പാട്ടെങ്കിലും അതില്‍ ഉപയോഗിച്ചിരിക്കുന്ന താളങ്ങള്‍ പാട്ടിന് ലോകസംഗീതത്തിന്റെ ഛായ നല്‍കും. ഓണത്തിന്റെ ഓര്‍മയും പെരുമയും മലയാളത്തിനപ്പുറവും പാട്ടാകുമെന്നു സാരം-വിദ്യാസാഗര്‍ പറഞ്ഞു.
സിനിമാപ്പാട്ടല്ലാത്തതിനാല്‍ എല്ലാവിധ സ്വാതന്ത്ര്യവും എടുത്ത് സ്വന്തം ഇഷ്ടപ്രകാരം, സമയമെടുത്ത് പാട്ട് ചെയ്യാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യമുണ്ട് -വിദ്യാസാഗര്‍ പറയുന്നു. കേരളത്തില്‍ തന്റെ ആരാധകരുടെ മുന്നില്‍വെച്ച് ഓഡിയോ പ്രകാശനം നടത്താനാണ് ലക്ഷ്യമിടുന്നത്.
No comments:
Post a Comment